കൊച്ചി : ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ്ക്ക് എതിരായ പോക്സോ കേസിൽ പോലീസിനെതിരെ ‘ശത്രുതാവാദം’ ഉയർത്തി പ്രതിഭാഗം. മിസ് കേരള മുൻജേതാക്കളായ മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനു ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ശത്രുതാ മനോഭാവത്തോടെയാണ് തന്നോടു പെരുമാറുന്നതെന്നാണു റോയിയുടെ നിലപാട്. മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നു ബുധനാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ള സാഹചര്യത്തിൽ അന്വേഷണ സംഘം റോയിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ജാമ്യഹർജിയിലും പോലീസിനെതിരായ ശത്രുതാവാദമാണു റോയ് കേസിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവും പോക്സോ കേസിലെ പരാതിക്കാരിയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന പണമിടപാടുകൾ സംബന്ധിച്ച പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വ്യാജ കേസുകൾ നൽകുമെന്നും അപകീർത്തിപ്പെടുത്തുമെന്നും അഭിഭാഷകൻ മുഖേന തനിക്കു ഭീഷണിയുണ്ടായതായും റോയ‌് മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയുടെ ഭീഷണിപ്പെടുത്തിയുള്ള ഫോൺ കോളുകൾ ഒരുമാസം മുൻപു പലതവണ ലഭിച്ചതായും പ്രതി ആരോപിച്ചു. ദുരുദ്ദേശ്യത്തോടെ തന്റെ ഹോട്ടലിനെതിരെയും പരാതിക്കാരി സമൂഹമാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉയർത്തി, ഏറെ നാളായി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് ഇത്തരം പരാതികൾ ഉയരുന്നതെന്നും റോയ് ആരോപിച്ചു. കേസിലെ പ്രതികളായ റോയ്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ സമാനപരാതികളുമായി കൂടുതൽ പെൺകുട്ടികളും യുവതികളും രംഗത്തുവന്നിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ മൊഴികൾ മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി.