തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഷവര്‍മ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പന നിര്‍ത്തിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 512 കടകളിലാണ് റെയ്ഡ് നടന്നത്. 52 കടകളില്‍ വില്‍പന നിര്‍ത്തിവയ്പിച്ചതിന് പുറമെ 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുമാണ് നല്‍കിയിരിക്കുന്നത്. പാഴ്സല്‍ നല്‍കുമ്പോള്‍ ലേബലിംഗ് നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.
ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിക്കുന്നത്. ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് ഏപ്രില്‍ മാസത്തില്‍ മാത്രം വകുപ്പ് നടത്തിയത് 4545 പരിശോധനകളാണെന്നും മന്ത്രി വ്യക്തമാക്കി.
ഷവര്‍മ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നേരത്തേ നിര്‍ദേശമുള്ളതാണ്. ഇത് പാലിക്കാത്തവരെ കണ്ടത്താനായിരുന്നു റെയ്ഡ്.