കാസർകോട് > കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ ഉറക്കത്തിൽ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി കമ്മലെടുത്ത് ഉപേക്ഷിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് നാപ്പോക്ലു സ്വദേശി പി എ സലീമിനെ (35) പ്രത്യേക അന്വേഷണസംഘം ആന്ധ്രയിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്.
സംഭവം നടന്ന് പത്താം ദിവസമാണ് പ്രതി പിടിയിലായത്. ഇയാൾക്കായി കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ 26 അംഗ അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലടക്കം വ്യാപകമായ അന്വേഷണമാണ് പൊലീസ് സംഘം നടത്തിയത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത പ്രതി കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചത്. ഇത് അന്വേഷണസംഘത്തെ വലച്ചു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിർണായകമായത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിലായിരുന്നു.
കഴിഞ്ഞ 15നാണ് കാഞ്ഞങ്ങാട് പടന്നക്കാട്ട് വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണക്കമ്മൽ കവർന്ന് ഉപേക്ഷിച്ചത്. പുലർച്ചെ രണ്ടിന് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോൾ, തുറന്നിട്ട മുൻവാതിൽ വഴിയാണ് ഇയാൾ അകത്തുകയറിയത്. വീടിന് പിറകിൽ അരക്കിലോമീറ്റർ അകലെ വയലിൽ കൊണ്ടുപോയാണ് ഉപദ്രവിച്ചത്. സംഭവശേഷം ഇയാൾ മുങ്ങി. ഇതിനിടയിൽ ഈ ഭാഗത്തുനിന്നും കിട്ടിയ സിസിടിവി ദൃശ്യത്തിൽ പീഡിപ്പിച്ചത് സലീമാണെന്ന് പൊലീസ് മനസ്സിലാക്കി. ഇതോടെ ഇയാൾ നാട്ടിൽ നിന്ന് മുങ്ങി.