ബംഗളൂരു: മൈസൂരു സാലുണ്ഡിയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് അസുഖബാധിതനായി മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രദേശവാസിയായ കനകരാജുവാണ് (24) മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ഗ്രാമത്തിലെ 68 പേർ അസുഖം ബാധിച്ച് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയവ അനുഭവപ്പെട്ടത്. തുടർന്ന് അവശനിലയിലായ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. കനകരാജുവിന്റെ വീട്ടിലെത്തിയ സിദ്ധരാമയ്യ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കനകരാജുവിന്റെ സഹോദരന് ജോലി നൽകുമെന്നും അറിയിച്ചു. ഗ്രാമവാസികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ വിട്ടുവീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.