പാലക്കാട്: അർബുദം തിരിച്ചുവരുന്നത് പ്രതിരോധിക്കാൻ 100 രൂപക്ക് മരുന്ന് വിപണിയിലെത്തിക്കുമെന്ന അവകാശവാദത്തോടെ ‘ഭക്ഷ്യ ഉൽപന്നം’ വിപണിയിലെത്തിക്കുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് പൊതുജനാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരള, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഫ്.എസ്.എസ്.എ.ഐ) പരാതി നൽകി.
മരുന്ന് വികസിപ്പിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എഫ്.എസ്.എസ്.എ.ഐ അനുമതി ലഭിച്ച ശേഷം ജൂൺ -ജൂലൈ മാസങ്ങളിലായി വിപണിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഉൽപന്നത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് എലികളിൽ മാത്രമാണ് പഠനം നടന്നത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി ഏതെങ്കിലും ഭക്ഷ്യ ഉൽപന്നത്തിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്താനാവില്ല.
ശാസ്ത്രീയ വിവരങ്ങൾ ഉറപ്പാക്കാതെയുള്ള അവകാശവാദങ്ങൾ 2006ലെ ഭക്ഷ്യസുരക്ഷ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട് 1954, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940 തുടങ്ങിയവയുടെ ലംഘനമാണെന്ന് സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.