ദില്ലി : ബി.എസ്. 4 വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കാൻ ലാംബ്ഡ പരിശോധന നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. ഡിസംബർ 26 മുതലാണ് ബി.എസ്.6 പെട്രോൾ വാഹനങ്ങൾക്ക് ലാംബ്ഡ വാതകപരിശോധന നിർബന്ധമാക്കി നിയമങ്ങൾ പരിഷ്കരിച്ചത്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ തിങ്കളാഴ്ച മുതൽ ബി.എസ്. 4 പെട്രോൾ വാഹനങ്ങൾക്കും ലാംബ്ഡ പരിശോധന നിർബന്ധമാക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചവരെ സാധാരണപോലെ ബി.എസ്. 4 വാഹനങ്ങൾക്കും പരിവാഹൻ സൈറ്റിൽനിന്ന് പുകപരിശോധനാ സർട്ടിഫിക്കറ്റ് നല്കിയതാണ്. എന്നാൽ ഉച്ചയ്ക്കുശേഷം സൈറ്റ് തുറന്നപ്പോഴാണ് നിർദേശങ്ങൾ മാറ്റിയതായി അറിയാൻ കഴിഞ്ഞതെന്ന് പുകപരിശോധനാകേന്ദ്രങ്ങളിലെ ജീവനക്കാർ പറഞ്ഞു. പുകപരിശോധിക്കാനെത്തിയ വാഹന ഉടമകളെ സർട്ടിഫിക്കറ്റില്ലാതെ മടക്കി അയക്കേണ്ടിവന്നതായും അവർ പറഞ്ഞു.
സംസ്ഥാനത്താകെ 1867 പുകപരിശോധനാകേന്ദ്രങ്ങളാണുള്ളത്. ഇതിൽ ഭൂരിഭാഗം കേന്ദ്രങ്ങളിലും ലാംബ്ഡ പരിശോധിക്കാനുള്ള ഉപകരണമില്ല. ഇത് ഘടിപ്പിക്കുന്നതിന് ഏകദേശം 35,000 രൂപയോളം ചെലവുവരും. ലാംബ്ഡ പരിശോധന നിർബന്ധമാക്കിയതിനെ തുടർന്ന് ഡിസംബർ 29-ന് ഇതിനുള്ള സെൻസറുകൾ നിർമിക്കുന്ന കമ്പനികളുടെയും വാഹന പുകപരിശോധനാ സ്ഥാപന ഉടമകളുടെയും നേതൃത്വത്തിൽ പാലക്കാട്ട് ഇതിനുള്ള യന്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ആറ് കമ്പനികളാണ് പങ്കെടുത്തത്. യന്ത്രങ്ങളുപയോഗിച്ച് പുകപരിശോധനയും നടത്തി. ഇതിൽ ചില കമ്പനികളുടെ യന്ത്രം മാത്രമാണ് വിജയിച്ചത്. അഞ്ചെണ്ണം കാറുകളുടെ പരിശോധനയിൽ വിജയിച്ചു. എന്നാൽ ഒരു കമ്പനിക്ക് പോലും ഇരുചക്രവാഹനങ്ങളുടെ പരിശോധനയിൽ വിജയിക്കാനായില്ല. ഇതേത്തുടർന്ന് ലാംബ്ഡ പരിശോധന നിർബന്ധമാക്കാൻ രണ്ടുമാസത്തെ കാലാവധിയും ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി തീരുംമുമ്പാണ് ബി.എസ്. 4 വാഹനങ്ങൾക്കുകൂടി ഇത് നിർബന്ധമാക്കിയതെന്ന് വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ അമ്പാടി പറഞ്ഞു.
പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാതെ വാഹനമോടിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് മോട്ടോർവാഹന വകുപ്പ് നിർദേശിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ 2000 രൂപ പിഴയടയ്ക്കേണ്ടി വരും. ബി.എസ്. 6, ബി.എസ്. 4 വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ പ്രത്യേക ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. പ്രശ്നം സംബന്ധിച്ച് വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിലേക്ക് കത്തയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി.
ലാംബ്ഡ പരിശോധന
വാഹനങ്ങളില ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന ഓക്സിജന്റെ അനുപാതം കണക്കാക്കുന്നതിനെയാണ് ലാംബ്ഡ എന്നുപറയുന്നത്. 2020 ഏപ്രിൽ ഒന്നിനുശേഷം രജിസ്റ്റർചെയ്ത ബി.എസ്. 6 വാഹനങ്ങളും 2017 ഏപ്രിൽ ഒന്നിനുശേഷം രജിസ്റ്റർചെയ്ത ബി.എസ്. 4 വാഹനങ്ങളും ഇതുപ്രകാരം പരിശോധന നടത്തണം. ഒരുവർഷമാണ് ഈ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി.