തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പ്രൊഫഷണല്‍ സമീപനവുമായി യുഡിഎഫ്. കേരള പ്രവാസി അസോസിയേഷന് കീഴിലെ ഏജന്‍സി യുഡിഎഫ് യോഗത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള പ്രോജക്ട് അവതരിപ്പിച്ചു. ഏജന്‍സിയെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും പ്രൊഫഷണല്‍ സമീപനം മുന്നോട്ടുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം.
കേരള പ്രവാസി അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘം ഇന്നലെ യുഡിഎഫ് ഏകോപന സമിതി യോഗത്തിന് എത്തിയിരുന്നു. പിന്നീട് നേതാക്കള്‍ക്ക് മുന്‍പില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ആവശ്യമായ കണക്കുകളും കാര്യങ്ങളും അവതരിപ്പിച്ചു. വീഡിയോ പ്രസന്‍റേഷന്‍ കാണാന്‍ പ്രധാന ഘടകകക്ഷി നേതാക്കളെല്ലാം ഉണ്ടായിരുന്നു. യുഡിഎഫുമായി സഹകരിക്കുന്ന കേരള പ്രവാസി അസോസിയേഷന്‍റെ കീഴിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയായാണ് കേരള പ്രവാസി അസോസിയേഷൻ രജിസ്റ്റര്‍ ചെയ്തത്. തങ്ങളെ മുന്നണിയിൽ എടുക്കണമെന്ന ആവശ്യം ഇവര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം കനഗോലുവിൻറെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയിരുന്നു. കെപിഎയുടെ ഏജൻസി മാത്രമാകില്ല പല പ്രൊഫഷണൽ സംഘങ്ങളെയും കേട്ട ശേഷമാകും വരുന്ന തെരഞ്ഞെടുപ്പുകളിലേക്ക് യുഡിഎഫ് നീങ്ങുക.