ലുധിയാന : പഞ്ചാബിന്റെ സുരക്ഷയുറപ്പാക്കാനും മദ്യവും മതപരിവർത്തനവും ഇല്ലാതാക്കാനും ബി.ജെ.പി.യെ അധികാരത്തിലെത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സുരക്ഷപോലും ഉറപ്പാക്കാനാവാത്ത പഞ്ചാബ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ രക്ഷിക്കാനാവില്ല. ആം ആദ്മി പാർട്ടി വന്നാൽ പഞ്ചാബിൽ ഭീകരവാദം വളരുമെന്നും ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് അമിത് ഷാ പറഞ്ഞു. അതിർത്തിയിൽ കാവൽ നിൽക്കുന്ന പഞ്ചാബി പട്ടാളക്കാരെയും സംസ്ഥാനത്തെ ഭൂരിപക്ഷമായ സിഖ് സമുദായത്തെയും പ്രശംസിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗമാരംഭിച്ചത്. ആം ആദ്മി പാർട്ടിയുടെ കെജ്രിവാളോ അദ്ദേഹത്തിന്റെ ആളോ മുഖ്യമന്ത്രിയായാൽ പഞ്ചാബിൽ ഭീകരവാദം വീണ്ടും ശക്തമാകും. ഡൽഹിയെ മദ്യത്തിൽ മുക്കിയ ശേഷമാണ് പഞ്ചാബിനെ മദ്യമുക്തമാക്കുമെന്ന് കെജ്രിവാൾ പറയുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
യു.പി.എ. കാലത്ത് പാകിസ്താനിൽനിന്ന് ഭീകരവാദികൾ ധാരാളമായി നുഴഞ്ഞുകയറി. ഉറിയിലും പുൽവാമയിലും ആക്രമണം നടത്തുമ്പോൾ അവരറിഞ്ഞില്ല ഇപ്പോൾ ഭരിക്കുന്നത് മോദിയാണെന്ന്. വ്യോമാക്രമണത്തിലൂടെയും മിന്നലാക്രമണത്തിലൂടെയും അവർക്ക് മറുപടി നൽകി. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലെവിടെയും സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പേര് അമിത് ഷാ പറയാത്തത് ശ്രദ്ധേയമായി. സിഖ് മതാചാര്യൻ ഗുരു ഗോബിന്ദ് സിങ്ങിന്റെ 355-ാം ജയന്തി ആഘോഷങ്ങൾക്കായി 300 കോടി രൂപ മോദിസർക്കാർ ചെലവഴിച്ചു. സിഖ് തീർഥാടകർക്ക് പാകിസ്താനിലെ കർത്താപുർ ഗുരുദ്വാരയിലേക്ക് പോകാൻ 120 കോടി രൂപ ചെലവഴിച്ച് റോഡുണ്ടാക്കിയതും അദ്ദേഹം പറഞ്ഞു.