ഗസ്സ: ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തി ഹമാസ് സായുധവിഭാഗമായ അൽഖസം ബ്രിഗേഡ്. ആക്രമണത്തെ തുടർന്ന് തെൽ അവീവിലും മധ്യ ഇസ്രായേലിലും സൈന്യം
അപായ സൈറൺ മുഴക്കി. സിവിലയൻസിന് നേരായ സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് അൽഖസം ബ്രിഗേഡ് അറിയിച്ചു. പ്രദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പതിനഞ്ച് സ്ഥലത്തായി സ്ഫോടനം നടന്നതായാണ് റിപോർട്ട്. ലബനീസ് മാധ്യമങ്ങളും റോക്കറ്റാക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, റഫയിൽ നിന്ന് എട്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ഇസ്രായേൽ സൈനിക ഓപറേഷൻ നടക്കുന്നതിനിടെയാണ് റഫയിൽ നിന്ന് തന്നെ ആക്രമണമുണ്ടായത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം റോക്കറ്റുകൾ തടഞ്ഞുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ആറ് മാസത്തിനിടെ തെൽ അവീവ് മേഖലയിൽ നടക്കുന്ന ആദ്യത്തെ റോക്കറ്റ് ആക്രമണമാണിത്. പത്തിടങ്ങളിലായി റോക്കറ്റാക്രമണം നടന്നതായാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്.