കല്‍പ്പറ്റ: ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്നു കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടി കമ്പളക്കാട് പൊലീസ്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുപ്പാടിത്തറ മുണ്ടക്കുറ്റി കുന്നത്ത് വീട്ടില്‍ അപ്പു എന്ന ഇജിലാല്‍ (30) എന്ന യുവാവിനെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്. ഞായാറാഴ്ച പുലര്‍ച്ചെ മൈസൂരു ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇജിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പടിഞ്ഞാറത്തറ സ്റ്റേഷനില്‍ പ്രഖ്യാപിത കുറ്റവാളിയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പടിഞ്ഞാറത്തറക്ക് പുറമെ കമ്പളക്കാട്, മേപ്പാടി സ്റ്റേഷനുകളിലും ഇജിലാലിന്റെ പേരില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രി സമയത്താണ് വിളമ്പുകണ്ടത്തുള്ള ബദിരൂര്‍ ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറി, തിടപ്പള്ളി സ്റ്റോര്‍ റും എന്നിവയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. സ്റ്റോര്‍ റൂമിലെ അലമാരയുടെ ലോക്കര്‍ തകര്‍ത്ത് 1.950 ഗ്രാം സ്വര്‍ണവും ഓഫീസിലെ മേശ തകര്‍ത്ത് 1500 ഓളം രൂപയുമാണ് ഇജിലാല്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇജിലാലിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.