ദില്ലി: ദില്ലി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യൽ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചതെന്നും പൊലീസ് കണ്ടെത്തി.
അതേസമയം, ദില്ലിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിലായിരുന്നു. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവിൽ പോയ നവീൻ കിച്ചിയെ ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.