ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പി നല്‍കിയ ഹരജിയില്‍ ഇടപെടാതെ സുപ്രീം കോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരിയും കെ.വി വിശ്വനാഥനും നിരീക്ഷിച്ചു.
പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ പരസ്യങ്ങള്‍ അപമാനകരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ബി.ജെ.പിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എസ് പട്വാലിയ ഹരജി പിന്‍വലിക്കാന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ബെഞ്ച് അനുമതി നല്‍കുകയും ഹരജി പിന്‍വലിച്ചതായി രേഖപ്പെടുത്തി തള്ളുകയുമായിരുന്നു .
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു പുറമെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെയും ലംഘനമാണ് പരസ്യങ്ങളെന്നാണ് കൊൽക്കത്ത ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചത്. നിശബ്ദ പ്രചാരണദിനത്തിലും വോട്ടിങ് ദിനത്തിലുമാണ് ബി.ജെ.പി ഈ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്.