കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്നു സൂചന. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. പലരുടെയും വന്‍തുകയുടെ നിക്ഷേപം NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളിലുണ്ട്. ജോലി കിട്ടാന്‍ വേണ്ടി തങ്ങളുടെയും ബന്ധുക്കളുടെയും കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ NEDSTAR സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരാണ് പലരും. അടുത്തനാളില്‍ തിരുവല്ലയിലെ സഹോദരന്റെ സ്ഥാപനത്തിന് സംഭവിച്ചതിലും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എറണാകുളം നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ സ്ഥാപനങ്ങളും നീങ്ങുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനുപോലും ഇപ്പോള്‍ തടസ്സം നേരിടുന്നു. കരുതല്‍ ധനമായി മാറ്റിവെച്ച പണത്തില്‍ നിന്നാണ് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയതെന്നും പറയുന്നു. പലരും ജോലി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലകാര്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുവാന്‍ കഴിയാതെ വന്നതോടെ കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന ജീവനക്കാരും ഇപ്പോള്‍ ആരുടേയും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പല ബ്രാഞ്ചിലും സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ നടത്താന്‍ പോലും പണമില്ലെന്നാണ് വിവരം. കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഈ വിധത്തില്‍ അടഞ്ഞത്.
പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കമ്പനിയുടെ നിലനില്‍പ്പ് പോലും അപകടത്തിലായിരിക്കുമ്പോള്‍ എന്ത് പറഞ്ഞാണ് തങ്ങള്‍ നിക്ഷേപം ക്യാന്‍വാസ് ചെയ്യേണ്ടതെന്നാണ് ജീവനക്കാരുടെ ചോദ്യം. തന്നെയുമല്ല സ്ഥാപനം പൂട്ടിപ്പോയാല്‍ പുതിയ ബഡ്സ് നിയമം അനുസരിച്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുവാന്‍ പ്രലോഭിപ്പിച്ചവരും പ്രതികളാകും. ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ കോമ്പിറ്റന്റ് അതോറിറ്റിക്ക് അധികാരവുമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്ത് പുലിവാല് പിടിക്കുവാന്‍ ജീവനക്കാര്‍ ആരും തയ്യാറല്ല. ധൂര്‍ത്തും കെടുകാര്യസ്തതയുമാണ് എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാരുതി ഓള്‍ട്ടോ ഉള്‍പ്പെടെയുള്ള ചെറുകാറുകളില്‍ നടന്ന NEDSTAR ജയിംസിന് ഇപ്പോള്‍ രണ്ട് ഇന്നോവാ കാറുകളും ഒരു കോടിയിലധികം രൂപാ വില വരുന്ന ഒരു ബെന്‍സ് കാറുമുണ്ട്. ഇതെല്ലാം തങ്ങളുടെ പണംകൊണ്ട് വാങ്ങിയതാണെന്ന് നിക്ഷേപകര്‍ പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആകെ 222 ശാഖകള്‍ കേരളത്തിലും പുറത്തുമായി തുറന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനുവേണ്ടി കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. ഓരോ ശാഖയും തികഞ്ഞ ആഡംബരത്തോടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകളുടെ ശാഖയോട് കിടപിടിക്കുന്നതായിരിക്കണം തങ്ങളുടെ ബ്രാഞ്ചുളെന്ന് NEDSTAR ജയിംസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി കോടികള്‍ ഒഴുക്കി. തമിഴ്‌നാട്ടിലെ കമ്പത്ത് 2200 സ്കയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ആഡംബര ഓഫീസിലാണ് ശാഖയുടെ പ്രവര്‍ത്തനം. ഒരു ശാഖയുടെ ഫര്‍ണീഷിങ്ങിനു മാത്രം കുറഞ്ഞത് 12 ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരുന്നു. ഏറ്റവും ചെറിയ ശാഖകള്‍ മൂന്നാര്‍, കടുത്തുരുത്തി എന്നിവിടങ്ങളിലുള്ളതാണ്. ഏകദേശം 250 സ്കയര്‍ ഫീറ്റ് വിസ്തൃതി മാത്രമേ ഈ രണ്ടു ശാഖകള്‍ക്കുമുള്ളു എങ്കിലും ഫര്‍ണീഷിങ്ങിന് കുറവ് വരുത്തിയിട്ടില്ല. കാര്യമായ ലാഭത്തിലേക്ക് കമ്പനി നീങ്ങുന്നതിനു മുമ്പ് ചുരുങ്ങിയ നാളിനുള്ളില്‍ നെടുംപറമ്പില്‍ എന്‍.എം ജയിംസ് തുറന്നത് 222 ശാഖകളാണ്. ഇത് ഫര്‍ണീഷ് ചെയ്യുന്നതിനു മാത്രം 222 X 12 ലക്ഷം രൂപ, അതായത് 266 കോടിയോളം രൂപ ഇതിനുമാത്രം ചെലവഴിച്ചു. മുറികള്‍ക്ക് സെക്യൂരിറ്റി നല്‍കിയ ഇനത്തിലും വലിയൊരു തുക ചെലവായി. ഇതെല്ലാം നിക്ഷേപകരുടെ പണമാണെന്നതില്‍ യാതൊരു സംശയവുമില്ല. നാട്ടുകാരുടെ പണം കയ്യില്‍ വന്നപ്പോള്‍ അതെടുത്ത് അമ്മാനമാടുകയായിരുന്നു നെടുംപറമ്പില്‍ എന്‍.എം ജയിംസ് എന്ന NEDSTAR GOLD ജയിംസ്. >>> തുടരും….