തിരുവനന്തപുരം : സംസ്ഥാനത്തെ തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിര്‍ബന്ധിത പരിശീലനം നല്‍കുന്നു. പൂവാര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 18 തീരദേശ പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. മുതല്‍ എസ്.എച്ച്.ഒ. വരെയുള്ള 580 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നൽകുന്നത്. ജൂണ്‍ രണ്ടാം വാരത്തോടെ പരിശീലനം ആരംഭിക്കും.
നിലവില്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് തീരദേശ പൊലീസിന്റെ നിയന്ത്രണ മേഖല. കടലില്‍ വെച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന അക്രമങ്ങള്‍ നിയന്ത്രിക്കുക, കടലിലെ രക്ഷാപ്രവര്‍ത്തനം, നിയമം ലംഘിച്ച് മീന്‍പിടിത്തം നടത്തുന്ന ബോട്ടുകളെ പിടികൂടുക എന്നിവയാണ് നിലവില്‍ തീരദേശ പൊലീസ് ചെയ്യുന്നത്.
എന്നാല്‍ ഇതിനുപുറമേ തീരദേശ മേഖലയുള്‍പ്പെട്ട സ്ഥലങ്ങളില്‍ നിയന്ത്രണാതീതമായ അക്രമസംഭവങ്ങളുണ്ടായാല്‍ അവ നേരിടുന്നതിന് ലോക്കല്‍ പൊലീസിനൊപ്പം കോസ്റ്റല്‍ പൊലീസിന്റെയും സേവനം ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ലോക്കല്‍ പൊലീസിനൊപ്പം തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കേണ്ടിവരും. കാലങ്ങളായി തീരദേശ പൊലീസില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇവ ഉപയോഗിക്കുന്നതില്‍ പരിചയക്കുറവുണ്ടാകും. അതുമറികടക്കാനാണ് പരിശീലന പരിപാടി കൊണ്ടുവന്നത്.