തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളില്‍ നാല് മരണം. തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര സ്വദേശി അശോകന്‍(56) മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അരയില്‍ വട്ടത്തോട് സിനാന്‍ (14) പുഴയില്‍ മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥി എല്‍ദോസ് മരിച്ചു. മാവേലിക്കര ഓലകെട്ടിയില്‍ തെങ്ങ് കടപുഴകി വീണ് അരവിന്ദ് (31) മരിച്ചു. കൊച്ചിയെ മുക്കി മേഘവിസ്ഫോടന സമാനമായ കൊടുംമഴയാണ് പെയ്ത് ഇറങ്ങിയത്. രാമഴപൊയ്തൊഴിഞ്ഞ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ദുരിതപ്പെയ്ത്ത് . ഒരാഴ്ചയ്ക്കിടെ രണ്ടാംവട്ടവും കാക്കനാട് ഇന്‍ഫോപാര്‍ക്ക് വെള്ളക്കെട്ടിലമര്‍ന്നു. കെട്ടിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറി. കാക്കനാടും ഇടപ്പള്ളിയിലും റോഡില്‍ വെള്ളം നിറഞ്ഞതോടെ കൊച്ചി സ്തംഭിച്ചു . ഗതാഗതകുരുക്ക് കിലോമീറ്ററോളം നീണ്ടു
ഓടകള്‍ നിറഞ്ഞ് റോഡുകള്‍ തോടായതോടെ വെണ്ണലയിലും സ്ഥിതി ഗുരുതരമായി . ഇടപ്പള്ളി മരോട്ടിച്ചുവടിലെയും തമ്മനം ശാന്തിപുരം കോളനിയിലെയും വീടുകളിലും വെള്ളം കയറി. ഫോര്‍ട്ട് കൊച്ചിയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിേലക്ക് മരം വീണെങ്കിലും ആളുകളില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പതിവ് തെറ്റിയില്ല. താഴത്തെനില മുങ്ങി. കൊച്ചി പി ആന്റ് ടി കോളനിക്കാരെ പുനരധിവസിപ്പിച്ച തോപ്പുംപടിയിലെ ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിച്ചതോടെ താമസക്കാര്‍ ദുരിതത്തിലായി.