തിരുവനന്തപുരം : മുതലപ്പൊഴി അപകട പരമ്പരയിൽ സ്വമേധയാ എടുത്ത കേസിൽ റിപ്പോർട്ട് സമർപ്പിച്ച് ന്യൂനപക്ഷ കമ്മീഷൻ. തിരുവനന്തപുരത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് റിപ്പോർട്ടുകൾ പരിശോധിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് ലോഡ് ഒട്ട് ഫെസിലിറ്റി നിർമ്മിച്ചതിനുശേഷം 2021 ലുണ്ടായ ടൗട്ടേ ചുഴലിക്കാറ്റ്, 2022 ലെ കാലവർഷം എന്നിവമൂലം മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ടിന്റെ അഗ്രഭാഗം തകരുകയും ടെട്രാപോഡുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് കല്ലുകളും ടെട്രാപോഡുകളും പ്രവേശന കവാടത്തിലും ചാനലിലും ചിതറി വീഴുകയുമുണ്ടായി.
അപകടരമായി ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രാപോഡുകളും മത്സ്യതൊഴിലാളികളുടെ ജിവനും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആയതിനാൽ അത് നീക്കം ചെയ്യണമെന്നും മത്സ്യബന്ധന വകുപ്പ് മന്ത്രി, ദുരന്ത നിവാരണ അതോറിറ്റി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മത്സ്യബന്ധന വകുപ്പ് സെക്രട്ടറി, മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടും അദാനി പോർട്‌സിന്റെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും മത്സ്യതൊഴിലാളികളുടെ യാനങ്ങൾ അപകടത്തിൽപ്പെടുന്നതിനും മരണത്തിനും കാരണമായി.