കൊച്ചി: മഴക്കാല പൂര്‍വ ശുചീകരണം നടക്കാത്തതിന് കാരണം പെരുമാറ്റച്ചട്ടമല്ല, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഴക്കാല പൂര്‍വ നടപടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പെ ആരംഭിക്കേണ്ടതായിരുന്നു. അതില്‍ എന്ത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണുള്ളത്. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും യോഗം ചേരാനാകില്ല. പക്ഷെ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനങ്ങള്‍ എടുക്കാമായിരുന്നു.
പറവൂരില്‍ എന്‍.എച്ചിന്റെ അശാസ്ത്രീയ നിർമാണത്തില്‍ കൊച്ചി കലക്ടറോട് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം യോഗം വിളിച്ച് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തി പ്രശ്‌നം പരിഹരിച്ചു. പെരുമാറ്റച്ചട്ടമുള്ളതുകൊണ്ട് ഞാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇത് എല്ലായിടത്തും ചെയ്യാമായിരുന്നു.കാന കോരേണ്ടത് മഴ വന്നതിന് ശേഷമല്ല. പെരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ മഴക്കാല പൂര്‍വ ശുചീകരണത്തെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ജാഥ നടത്തിയല്ലോ. ജാഥ നടത്തിയാല്‍ ഡ്രെയ്‌നേജിലെ മാലിന്യം നീങ്ങുമോ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിലുമുണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.