തിരുവനന്തപുരം (വർക്കല) : വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ കൈക്കലാക്കിയ സംഭവത്തിൽ വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം 1853/23 നമ്പർ കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.വർക്കല എസ്.എച്ച്.ഒ ക്കാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വടശേരിക്കോണം സ്വദേശിനി ശ്രീക്കുട്ടിയാണ് തട്ടിപ്പിന് ഇരയായത്.
എം.ബി.എ. ബിരുദധാരിയായ ശ്രീക്കുട്ടിയെ വർക്കല സ്വദേശിയായ സജീവ് ഗോപാലനും കുടുംബവും ചേർന്ന് കബളിപ്പിച്ചെന്നാണ് പരാതി. തന്റെ പേരിൽ ആകെയുണ്ടായിരുന്ന ഏഴ് സെന്റ് വസ്തുവും വീടും എതിർകക്ഷിയുടെ പേരിൽ കേരള ബാങ്കിന്റെ വർക്കല ശാഖയിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ വായ്പയെടുത്ത് തുക എതിർ കക്ഷി കൈക്കലാക്കിയെന്നാണ് പരാതി. സജീവ്ഗോപാലനെയും കുടുംബത്തെയും പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം തുടരുന്നതായി വർക്കല എസ്.എച്ച്.ഒ കമീഷനെ അറിയിച്ചു.