കായംകുളം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ഒന്നാം പ്രതി അറസ്റ്റിൽ. പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ മാളുവിനെയാണ് (അൻസാബ് -28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 25 ന് രാത്രി രണ്ടാംകുറ്റി ജങ്ഷനിൽ വെച്ച് തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മാളുവിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ മച്ചാൻ ഷെഫീക്കുമായുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ മാളു എറണാകുളത്തും ബംഗളൂരുമായി പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നിന്നുമാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാളു കാപ്പാ നിയമപ്രകാരം മൂന്ന് തവണ ജയിലിൽ അടയ്ക്കുകയും ഒരു തവണ ജില്ലയിൽ നിന്നും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ സുധീർ, എസ്.ഐ. രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, അരുൺ, ഫിറോസ്, അഖിൽ മുരളി, ഗോപകുമാർ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.