ന്യൂഡൽഹി: കഴിഞ്ഞ 15 വർഷത്തിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. 2009 മുതൽ 2024 വരെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധനയാണുണ്ടായത്.
2009ലെ തെരഞ്ഞെടുപ്പിൽ 368 രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് ജനവിധി തേടിയത്. ഇത്തവണ 751 പാർട്ടികൾ മത്സരരംഗത്തുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ 464 പാർട്ടികളും 2019ൽ 677 പാർട്ടികളും മത്സരിച്ചിരുന്നു. ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും’ ‘നാഷനൽ ഇലക്ഷൻ വാച്ചും’ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഇത്തവണ ജനവിധി തേടുന്ന 8360 സ്ഥാനാർഥികളിൽ 3915 പേരും സ്വതന്ത്രരാണ്. ദേശീയ പാർട്ടികളിൽനിന്ന് 1333 സ്ഥാനാർഥികൾ മാത്രമാണ് മത്സരിക്കുന്നത്. എന്നാൽ, 2580 സ്ഥാനാർഥികൾ അംഗീകൃതമല്ലാത്ത പാർട്ടികളുടെതാണ്. ദേശീയ പാർട്ടികളിലെ സ്ഥാനാർഥികളിൽ 443 പേർ ക്രിമിനൽ കേസ് പ്രതികളാണ്. 295 പേർ ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടതായി ആരോപണമുള്ളവരാണെന്നും സ്ഥാനാർഥികളുടെ സത്യവാങ്മൂലത്തെക്കുറിച്ചുള്ള വിശകലന റിപ്പോർട്ട് പറയുന്നു.