ദില്ലി: ഉത്തരേന്ത്യയിൽ അതിരൂക്ഷ ഉഷ്ണ തരംഗം തുടരുന്നു. അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉത്തരേന്ത്യ. കൊടും ചൂടിൽ ബിഹാറിൽ നിന്നുള്ള വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. ബിഹാറിലെ സർക്കാർ സ്ക്കൂളിൽ ചൂട് മൂലം 7 വിദ്യാർത്ഥികൾ കുഴഞ്ഞ് വീണു. രാവിലെ നടന്ന സ്ക്കൂൾ അസംബ്ലിയിലായിരുന്നു സംഭവം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്ത ചൂടിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വിമർശനം അതിശക്തമായതോടെ ബിഹാർ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ജൂൺ 8 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളെല്ലാം റെഡ് അലർട്ടിലാണ്.
അതേസമയം ദില്ലിയില്‍ പരിശീലന ക്യാമ്പിൽ പങ്കെടുത്തപ്പോളേറ്റ സൂര്യതാപം കാരണം മരണപ്പെട്ട മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ബിനേഷിന്‍റെ മൃതദേഹം ഇന്ന് രാത്രിയോടെ കരിപൂർ വിമാനത്താവളത്തിൽ എത്തിക്കും. നാളെ സ്വദേശമായ വടകരയിൽ സംസ്ക്കാരം നടക്കും. കടുത്ത ചൂട് ഉണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളാണ് ദില്ലിയിലെ മലയാളി ഉദ്യോഗസ്ഥന്‍റെ ജീവനെടുക്കുന്നതിന് കാരണമായത്. രണ്ട് ദിവസങ്ങൾക്കു മുമ്പ് വസീറാബാദിൽ തുടങ്ങിയ ദില്ലി പൊലീസിന്‍റെ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന ബിനേഷാണ് മരണപ്പെട്ടത്. ഇന്നലെ മുതൽ ബിനേഷിന് നിർജലീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ദില്ലിയിലെ ദീൻ ദയാൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.