തിരുവനന്തപുരം: തിരുവനന്തപുരം എസ്.എസ് കോവിൽ റോഡിൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴാൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തുടർന്നാണ് ഇവിടെ താമസിച്ചിരുന്ന ഇരുപതോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ഏറെ കാലപ്പഴക്കമുള്ള കെട്ടിടമാണ് സുരക്ഷാ ഭീഷണി ഉയർത്തിയത്. തലസ്ഥാനത്ത് ഇന്ന് പെയ്ത ശക്തമായ മഴയിൽ കുതിർന്നാണ്, കാലപ്പഴക്കമുള്ള ഈ കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായത്. കെട്ടിടത്തിന്റെ ഭിത്തികളും വിള്ളലുകൾ വീണ് ബലമില്ലാതായ സ്ഥിതിയിലാണ്. കെട്ടിടം പൊളിഞ്ഞ് വീണാലുള്ള അപകടാവസ്ഥ കണക്കിലെടുത്ത് ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ബുധനാഴ്ച പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി. പട്ടം, തേക്കും മൂട് , ഗൗരീശപട്ടം മേഖലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വട്ടിയൂര്‍ക്കാവ്, തേക്കുംമൂട് തുടങ്ങിയ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടൊഴിയുകയാണ്.