ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ കമ്മ്യൂണിറ്റിയിൽ ഷെയർ ചെയ്ത മുഴുവൻ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പ് മെമ്പേഴ്സിന് കാണാനാകും. വാബെറ്റ് ഇൻഫോയാണ് അപ്ഡേഷനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഷെയർ ചെയ്യപ്പെട്ട ഉള്ളടക്കം കമ്മ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഈ ഫീച്ചർ ഉപയോഗിച്ച് കണ്ടെത്താനും നീക്കം ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പ് ചാറ്റുകളിൽ ആക്ടീവല്ലാത്ത അംഗത്തിന് ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ കണ്ടെത്താൻ ഫീച്ചർ സഹായിക്കും. സെർച്ച് പ്രക്രിയയെ ഈ ഫീച്ചർ കൂടുതൽ എളുപ്പത്തിലുമാക്കും.
കഴിഞ്ഞ ദിവസം നീണ്ട വോയിസ് നോട്ടുകൾ വാട്‌സ്‌ആപ്പിൽ സ്റ്റാറ്റസുകളാക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ അപ്ഡേഷൻ. ഇപ്പോൾ വാട്‌സ്ആപ്പിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ അപ്ലോഡ് ചെയ്യാനാകും. പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താൽ കൂടുതൽ ദൈർഘ്യമുള്ള ഓഡിയോയും സ്റ്റാറ്റസാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാധാരണ ഓഡിയോ മെസേജുകൾക്ക് സമാനമാണിത്. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താൽ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ആദ്യ ഘട്ടത്തിൽ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതൽ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.
അടുത്തിടെയായി നിരവധി അപ്ഡേറ്റുകൾ വാട്‌സ്‌ആപ്പ് അവതരിപ്പിക്കുന്നുണ്ട്. മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവർക്കുവേണ്ടി വാട്‌സ്‌ആപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിത് ഐഒഎസിലും അവതരിപ്പിച്ചിട്ടുണ്ട്.