പെരിന്തൽമണ്ണ: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും ഒൻപത് മാസവും അധികതടവും അനുഭവിക്കണം. കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 42കാരനെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. 2016മുതൽ തുടർച്ചയായി മൂന്ന് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
രണ്ട് പോക്ലോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കഠിന തടവും അനുഭവിക്കണം. മറ്റ് രണ്ട് പോക്സോ വകുപ്പിൽ 35 വർഷം തടവും 25,000 രൂപ പിഴയും, പിഴ അടയ്ക്കാത്തപക്ഷം ഒമ്പത് മാസം തടവും അനുഭവിക്കണം. ഐപിസി ജുവനൈൽ നിയമപ്രകാരമാണ് മറ്റ് മൂന്ന് വർഷത്തെ കഠിന തടവ്. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ ആണെന്നും മറ്റ് വകുപ്പിലെ ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങാവൂ എന്നും വിധിയിൽ പ്രത്യേകം പറഞ്ഞു.