തൃശൂർ: തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ തൃശൂരിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി.
ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ വി ഷിജിത്ത്, കണ്ടക്ടർ ടി പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് ബസിലെ യാത്രക്കാരി സെറീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആര്‍ടി ബസ് പ്രവസ മുറിയാവുകയായിരുന്നു.