ന്യൂഡൽഹി: ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് തിരികെ മടങ്ങുമെന്നും, ജയിലിൽവച്ച് ഉപദ്രവമേൽക്കേണ്ടി വന്നാലും താൻ തല കുനിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇനി എത്രകാലം ജയിലിൽ കഴിയേണ്ടിവരുമെന്ന് അറിയില്ലെന്നും രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് രക്ഷിക്കാനുള്ള പ്രവർത്തനം ജയിലിൽനിന്ന് തുടരുമെന്നും കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കെജ്രിവാൾ വിഡിയോ കോൺഫറൻസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
“അവർ എന്നെ തകർക്കാൻ ശ്രമിക്കും. ഞാൻ ജയിലിലായിരുന്നപ്പോൾ അവർ എനിക്ക് മരുന്നുകൾ തന്നിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ട ശേഷം എനിക്ക് ആറു കിലോ ഭാരം കുറഞ്ഞു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ 70 കിലോ ആയിരുന്നു എന്‍റെ ഭാരം. ജയിലിൽനിന്ന് പുറത്തുവന്നിട്ടും എനിക്ക് ശരീരഭാരം കൂട്ടാൻ കഴിഞ്ഞിട്ടില്ല. നിരവധി പരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും ഗുരുതര രോഗത്തിന്‍റെ ലക്ഷണങ്ങളാവാം ഇത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തിഹാർ ജയിലിലേക്ക് പുറപ്പെടും. ജയിലിൽ അവർ എന്നെ ഉപദ്രവിച്ചേക്കാം. എന്നാൽ ഞാൻ തല കുനിക്കാൻ തയാറല്ല. എനിക്ക് ജനങ്ങളെ കുറിച്ചാണ് ആശങ്ക. രാജ്യത്തിനായുള്ള നിങ്ങളുടെ സേവനം നിർത്തരുത്” -കെജ്രിവാൾ പറഞ്ഞു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മേയ് പത്തിനാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.