ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളിലെ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ശനിയാഴ്ച നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെയാണ് ചാനലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുക.
ജൂൺ നാലിന് യഥാർഥ ഫലം വരാനിരിക്കെ, ചാനലുകളിലെ ഊഹാപോഹ ചർച്ചകളിലും വാചകമടിയിലും കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പാർട്ടി വക്താവ് പവൻ ഖേഡ പറഞ്ഞു. ‘വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തി, ജനവിധി ഉറപ്പിച്ചു. ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടി.ആർ.പിക്ക് വേണ്ടി ഊഹാപോഹങ്ങളിലും സ്ലഗ്ഫെസ്റ്റുകളിലും ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. എക്സിറ്റ് പോൾ സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ല. ഏതൊരു സംവാദത്തിന്‍റെയും ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം. ജൂൺ നാലു മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കും’ -പവൻ ഖേറ എക്സിൽ കുറിച്ചു.
ഊഹാപോഹങ്ങൾ കൊണ്ട് എന്താണ് കാര്യം? ചാനലുകളുടെ ടി.ആർ.പി കൂട്ടാൻ വേണ്ടി നമ്മൾ എന്തിന് അനാവശ്യ ചർച്ചകളിൽ മുഴുകണം? വാതുവെപ്പിൽ ഏർപ്പെട്ടിരിക്കുന്ന ചില ശക്തികളുണ്ട്. നമ്മൾ എന്തിന് അതിന്‍റെ ഭാഗമാകണം? ഓരോരുത്തർക്കും അവർ ആർക്കാണ് വോട്ട് ചെയ്തതെന്ന് അറിയാം. ജൂൺ നാലിന് ഓരോ പാർട്ടികൾക്കും എത്ര വോട്ട് ലഭിച്ചെന്ന് അറിയാനാകും. ജൂൺ നാലിന് ശേഷം ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
എക്സിറ്റ് പോളുകളെ കുറിച്ച് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. ‘നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു അഭ്യർഥന നടത്തുകയാണ്. ശനിയാഴ്ച വോട്ടെടുപ്പ് ദിനത്തിലും വോട്ടെണ്ണലിന് ശേഷമുള്ള ദിവസങ്ങളിലും വോട്ടെണ്ണൽ പൂർത്തിയാവുകയും വിജയ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നത് വരെയും എല്ലാവരും ജാഗരൂകരായിരിക്കണം. ബി.ജെ.പിയുടെ കെണിയിൽ വീഴരുത്’ -അഖിലേഷ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഏക ലോക്സഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ്. വൈകീട്ടോടെ എക്സിറ്റ് ഫലങ്ങൾ പുറത്തുവരും. പഞ്ചാബ് (13 മണ്ഡലങ്ങൾ) ഹിമാചൽ പ്രദേശ് (നാല്), ഉത്തർ പ്രദേശ് (13), പശ്ചിമ ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡിഷ (ആറ്), ഝാർഖണ്ഡ് (മൂന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.