മസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒമാനിൽ പ്രവർത്തനം തുടങ്ങും. വേനൽക്കാലത്തുതന്നെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറഞ്ഞു.ഐ.ഒ.സ് ആപ്പുകളിലും വെബിലും പേയ്മെൻറുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേയ്മെൻറ് സേവനമാണിത്. ആപ്പിൾ പേയ്മെന്റ് നടത്താനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യുമെന്നും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോമെകസിന്റെ വേദിയിൽ സെൻട്രൽ ബാങ്ക് ഒാഫ് ഒമാനിൽനിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. സേവനം യാഥാർഥ്യമായാൽ ഐഫോൺ ഉപയോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയുള്ള നിലവിലുള്ള പേയ്മെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.
നിലവിലെ കാർഡ് അധിഷ്ഠിത പേയ്മെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും കഴിഞ്ഞ വർഷം ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ടോക്കണൈസേഷന് എന്നത് യഥാര്‍ഥ കാര്‍ഡ് വിശദാംശങ്ങള്‍ക്കു പകരം ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടും.
ഒരിക്കല്‍ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല. ഷോപ്പിങ് മാളുകൾ, കഫേകൾ, റസ്റ്റാറന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി സ്റ്റോറുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, പലചരക്ക് കടകൾ, പച്ചക്കറികൾ, പഴങ്ങൾ വിൽക്കുന്നവർ, കെട്ടിട നിർമാണ സാമഗ്രികൾ, വ്യവസായ മേഖലകളിലെ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ രാജ്യത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ പണരഹിത പേയ്മെന്റ് സ്കീം ഘട്ടം ഘട്ടമായി നടപ്പിലാക്കിയിട്ടുണ്ട്.
കൂടുതൽ ആളുകൾ മൊബൈൽ വഴിയോ ഇന്റർനെറ്റ് വഴിയോ അക്കൗണ്ട്-ടു-അക്കൗണ്ട് കൈമാറ്റം പോലുള്ള പണരഹിത ഇടപാടുകളിലേക്ക് തിരിയുന്നു. ഇത് സുൽത്താനേറ്റിൽ സമഗ്ര ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ്.
ഓൺലൈൻ റീട്ടെയിൽ ഇടപാടുകൾ (ഡയറക്ട് ക്രെഡിറ്റ് ആൻഡ് ഡയറക്ട് ഡെബിറ്റ്) സുൽത്താനേറ്റിൽ 2022ൽ 37.8 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് 2023ൽ പറയുന്നു.
2021ലെ 199.2 ദശലക്ഷം ഇടപാടുകളിൽനിന്ന് കഴിഞ്ഞ വർഷമിത് 274.4 ദശലക്ഷത്തിലെത്തി. ചെക്ക് പേയ്മെന്റുകളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് പേപ്പർ അധിഷ്ഠിതത്തിൽനിന്ന് ഡിജിറ്റൽ ബദലുകളിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതാണെന്നും വിലയിരുത്തുന്നു.