മുംബൈ: ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ (ഡബ്ല്യു.സി.എൽ) ടീം ഇന്ത്യ ചാമ്പ്യൻസിനെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിങ് നയിക്കും. ജൂലൈ മൂന്നു മുതൽ 13 വരെ യു.കെയിലാണ് ടൂർണമെന്‍റ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (ഇ.സി.ബി) പിന്തുണയോടെയാണ് മുൻ ലോക ചാമ്പ്യന്മാർ അണിനിരക്കുന്ന ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കു പുറമെ, പാകിസ്താൻ ചാമ്പ്യൻസ്, ഇംഗ്ലണ്ട് ചാമ്പ്യൻസ്, ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്, ആസ്ട്രേലിയ ചാമ്പ്യൻസ്, വെസ്റ്റിൻഡീസ് ചാമ്പ്യൻസ് ടീമുകളും പങ്കെടുക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, ആർ.പി. സിങ്, രാഹുൽ ശർമ, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ള താരങ്ങളും ടീം ഇന്ത്യക്കായി കളത്തിലിറങ്ങും.
ജൂലൈ മൂന്നിന് ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചിന് വെസ്റ്റിൻഡീസ്, ആറിന് എഡ്ജ്ബാസ്റ്റണിൽ പാകിസ്താൻ, എട്ടിന് ആസ്ട്രേലിയ, 10ന് ദക്ഷിണാഫ്രിക്ക എന്നിവരുമായി ഏറ്റുമുട്ടും. 12ന് സെമി ഫൈനലും 13ന് ഫൈനലും നടക്കും.
ഇന്ത്യ സ്ക്വാഡ്: യുവരാജ് സിങ് (ക്യാപ്റ്റൻ), സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യുസുഫ് പത്താൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, ഗുർക്രീത് മാൻ, ഹർഭജൻ സിങ്, രാഹുൽ ശർമ, നമൻ ഓജ, രാഹുൽ ശുക്ല, ആർ.പി. സിങ്, വിനയ് കുമാർ, ധവാൽ കുൽകർണി