കൊച്ചി: വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപദേശവും മുന്നറിയിപ്പും നൽകി കൊച്ചി പൊലീസ്. നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുതെന്നും ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കണമെന്നും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് അറിയിച്ചു.
നല്ല മഴയുടെ കാലമാണ്. തോടുകളിലും, കുളങ്ങളിലും, പുഴയിലും വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. ഇതിന് സമീപത്തേക്ക് കഴിവതും പോകാതിരിക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. എന്ത് ആവശ്യത്തിനും പൊലീസ് കൂടെയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
പ്രിയപ്പെട്ട കുട്ടികളെ,
സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യായന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്ക്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു. കാലം മാറുകയാണ് അതോടൊപ്പം നമ്മുടെ ജീവിത സാഹചര്യങ്ങളും. കൃത്യമായ ലക്ഷ്യബോധത്തിന് ഉടമകളായിരിക്കണം മക്കൾ. അറിവിലൂടെ കരുത്ത് സമ്പാദിക്കണം. സഹജീവികളെ തിരിച്ചറിയണം. മാതാപിതാ ഗുരു ദൈവമെന്നത് ജീവിതത്തിൽ പകർത്തി അച്ചടക്കമുള്ളതായിരിക്കണം ജീവിതം.
നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവിതം തകരും. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കുക. ആരോഗ്യത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്തുക. വൃത്തിയും ശുചിത്വവും പാലിക്കുക. അസുഖങ്ങൾ വന്നാൽ കൃത്യമായി ഡോക്ടറെക്കണ്ട് മരുന്നു കഴിക്കുക.
നല്ല മഴയുടെ കാലമാണ്. തോടുകളിലും, കുളങ്ങളിലും, പുഴയിലും വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. ഇതിന് സമീപത്തേക്ക് കഴിവതും പോകാതിരിക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും വിളിയ്ക്കാം. എല്ലാ വിധ ആശംസകളും നേരുന്നു.