വിവാഹേതര ബന്ധങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന് ഒരുപക്ഷേ കൊറിയൻ വ്യവസായ പ്രമുഖനായ ചെയ് ടെ-വോണിനെക്കാൾ നന്നായി ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. 8,333 കോടി രൂപ ആണ് വിവാഹമോചന കേസിൽ തൻ്റെ മുൻ ഭാര്യ റോ സോ-യങ്ങിന് നൽകാൻ സിയോൾ ഹൈക്കോടതി ചെയ് ടെ-വോണിനോട് നിർദ്ദേശിച്ചിക്കുന്നത്. ഇതിന് അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ, രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെൻ്റായി ഇത് കണക്കാക്കും.
35 വർഷം മുമ്പ് ഒരു ശതകോടീശ്വരനല്ലാതിരുന്ന സമയത്താണ് ബിസിനസുകാരനായ ചെ ടെ-വോൺ റോ സോ-യംഗിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. തൻ്റെ ഭർത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന് റോഹ് സോ യംഗ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതോടെ കഴിഞ്ഞ പത്തുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസം.
റോ സോ-യങ്ങിന് ചെയ് ടെ വോണിന്റെ കമ്പനിയുടെ ഓഹരികളിൽ ഒരു ഭാഗം ലഭിക്കുമെന്ന് സോൾ ഹൈക്കോടതി പറഞ്ഞു. ദക്ഷിണ കൊറിയയിലെ പ്രമുഖ മൊബൈൽ കാരിയറിൻ്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയയിലെ എസ്‌കെ ഗ്രൂപ്പിൻ്റെ ചെയർമാനാണ് ചെ ടെ-വോൺ. എസ്‌കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ SK Hynix-നെ നിയന്ത്രിക്കുന്നത്.
മുൻ പ്രസിഡൻ്റ് റോഹ് തേ-വൂവിൻ്റെ മകളാണ് റോ സോ-യംഗ്. ചെയുടെ ബിസിനസ് വിജയത്തിന് റോഹ് സോ-യങ്ങിൻ്റെയും അവളുടെ പിതാവിൻ്റെയും സംഭാവനകൾ പരിഗണിച്ചാണ് കോടതി ജീവനാംശ തുക വർധിപ്പിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചെയുടെ അഭിഭാഷകർ പറഞ്ഞു.