തിരുവനന്തപുരം: കോന്നി ഐരവണ്‍ പി.എസ്.വി.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും പരീക്ഷ പാസായാല്‍ 10ാം ക്ലാസിലേക്ക് പ്രവേശനം നല്‍കാനും ബാലാവകാശ കമീഷന്‍ ഉത്തരവ്. കുട്ടിയ്ക്ക് മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കൗണ്‍സിലിംഗും ആവശ്യമെങ്കില്‍ വൈദ്യസഹായവും നല്‍കണം. ഒരു കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ കൃത്യവിലോപം നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം എന്‍.സുനന്ദ നിർദേശം നല്‍കി.
സ്‌കൂളില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഇരുത്താതെ ഒറ്റയ്ക്കു ഇരുത്തി, കുട്ടിയെ പഠിപ്പിക്കാന്‍ പറ്റില്ലായെന്നും പരീക്ഷയെഴുതാന്‍ വന്നാല്‍ മതിയെന്നും പറഞ്ഞു, ക്ലാസില്‍ ഇരുത്താതെ ഇറക്കിവിട്ടു തുടങ്ങിയവ പരാമര്‍ശിച്ച് കോന്നി സ്വദേശിനി കമ്മിഷനു നല്‍കിയ പരാതിയിലാണ് ഉത്തരവ്. കുട്ടിയുടെ പരീക്ഷ നടപടിക്രമങ്ങള്‍ മൂന്ന് ദിവസത്തിനകം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൂര്‍ത്തിയാക്കണം. വകുപ്പുതല അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കണമെന്നും കമീഷന്‍ നിർദേശിച്ചു