തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങൾ, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ പ്രവേശന സമയത്തും മറ്റും രക്ഷിതാക്കളിൽ നിന്ന് ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവനായും തന്നെ പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.
പി.റ്റി.എ അംഗത്വം എല്ലാ രക്ഷിതാക്കൾക്കും വർഷംതോറും നിർബന്ധമാണ്. അംഗത്വ ഫീസ് വിദ്യാർഥിയുടെ പ്രവേശന സമയത്തോ അക്കാദമിക വർഷത്തിന്റെ ഒന്നാമത്തെ മാസമോ കൊടുക്കേണ്ടതാണ്. അംഗത്വ ഫീസിന്റെ പ്രതിശീർഷ നിരക്ക് എൽ.പി. വിഭാഗത്തിന് 10 രൂപ, യു.പിക്ക് 25 രൂപ, ഹൈസ്‌ക്കൂളിന് 50 രൂപ, ഹയർ സെക്കന്ററി, വൊക്കേഷണൽ, ഹയർ സെക്കന്ററി വിഭാഗത്തിന് 100 രൂപ എന്ന ക്രമത്തിലാണ് പി.ടി.എ. ഫണ്ട് പിരിവ് സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ.
സ്‌കൂളിൽ അതത് അക്കാദമിക വർഷം പഠനം നടത്തുന്ന മുഴുവൻ വിദ്യാർഥികളുടെ രക്ഷകർത്താക്കളും പി.ടി.എ അംഗങ്ങളായിരിക്കും. പി.ടി.എ ജനറൽ ബോഡി എല്ലാവർഷവും മൂന്നു പ്രാവശ്യം യോഗം കൂടണം. ഹയർ സെക്കന്ററി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ്സിലെ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ആദ്യ യോഗം നടത്തണം. മറ്റെല്ലാ സ്‌കൂളുകളിലും ജൂൺ മാസത്തിൽ തന്നെ ആദ്യ യോഗം നടക്കണം.
ഒന്നാമത്തെ ജനറൽ ബോഡി യോഗം മുൻ വർഷത്തെ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് നടത്തേണ്ടത്. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, വാർഡ് മെമ്പർ ചെയർപേഴ്സണായ സ്‌കൂൾ വികസന സമിതിയിൽ അംഗീകരിച്ച സ്‌കൂൾ വികസന രേഖ/ അക്കാദമിക് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യണം.
പി.ടി.എ എക്സിക്യൂട്ടീവിലേക്ക് രക്ഷിതാക്കളേയും അധ്യാപകരേയും തെരഞ്ഞെടുക്കുമ്പോൾ സ്‌കൂളിലെയും പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പി.ടി.എ പ്രവർത്തനത്തെ കുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടായാൽ അത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണം.
2007 ജൂൺ 24 ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃ സമിതിയുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.