ന്യൂഡൽഹി: അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടി ബി.ജെ.പി. 60 അംഗ നിയമസഭയിൽ 50 മണ്ഡലങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ബി.ജെ.പി 46 സീറ്റ് നേടിയാണ് ഭരണം ഉറപ്പിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ കൊൺറാദ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി അഞ്ച് സീറ്റിലും വിജയിച്ചു. വികസനത്തിന് ജനം നൽകിയ പിന്തുണയാണ് വിജയമെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേട്ടം ഒറ്റ സീറ്റിലൊതുങ്ങി. എൻ.സി.പി മൂന്നും പീപ്ൾസ് പാർട്ടി രണ്ടും സീറ്റ് നേടി. സ്വതന്ത്രരായി മത്സരിച്ച മൂന്നുപേർ വിജയിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി വൊവ മേയിൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലം കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന സംസ്ഥാനമാണിത്. 2016ൽ പേമ ഖണ്ഡു കോൺഗ്രസ് വിട്ട് 43എം.എൽ.എമാരുമായി ബി.ജെ.പിയിലേക്ക് ചേക്കേറി. പേമ ഖണ്ഡു തന്നെയാകും മുഖ്യമന്ത്രി.
സിക്കിമിൽ ക്രാന്തികാരി മോർച്ചയും അധികാരം നിലനിർത്തി. 32 നിയമസഭ സീറ്റുകളിൽ 31ഉം പാർട്ടി നേടി. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. മുഖ്യമന്ത്രിയായി പ്രംസിങ് തമാങ് തുടരും. സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകൾക്കാണ് വിജയിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ രാഷ്ട്രീയ രംഗത്തുണ്ട് ഇദ്ദേഹം. സിക്കിമിൽ ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. കോൺഗ്രസിന്റെ വോട്ട് വിഹിതം കുറയുകയും ചെയ്തു.