മാലെ: ഫലസ്തീനിൽ മാസങ്ങളായി തുടരുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തി. രാജ്യത്തേക്ക് ഇസ്രായേലി പൗരന്മാരുടെ പ്രവേശനം നിരോധിക്കുന്നതിന് നിയമ ഭേദഗതി നടത്തുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു.
ഇസ്രയേലിന്‍റെ പാസ്‌പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്സൻ പറഞ്ഞു. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീന്‍റെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും പ്രസിഡന്‍റ് തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഗസ്സയിൽ 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 36,439 ആയി. പരിക്കേറ്റവർ 82,627. ഗസ്സയിൽ പട്ടിണി മരണം വ്യാപകമായതായും റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് പൂർണമായും തകർന്നാൽ മാത്രമേ ഗസ്സയിൽ വെടിനിർത്തലിനുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിന്റെ സൈനിക, ഭരണശേഷികൾ തകർക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങൾ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.ഗസ്സയിൽ വെടിനിർത്തിയാൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറും മുന്നറിയിപ്പ് നൽകി.