തിരുവനന്തപുരം: കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ച് 10ന് അവസാനിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത് 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇപ്പോള്‍ അത് ജൂണ്‍ മാസം വരെ നീട്ടി നല്‍കി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.