ന്യൂയോർക്ക്: തമാശയ്ക്ക് തുടങ്ങിയ നിധിവേട്ടയ്ക്കിടെ നദിയിൽ നിന്ന് വലിച്ച് കയറ്റിയ പെട്ടിയിൽ കണ്ടെത്തിയത് ഒരു കോടിയുടെ കറൻസി. നിധിവേട്ടയ്ക്ക് ഇറങ്ങുന്ന് ഏതൊരാളുടേയും സ്വപ്നത്തിലുള്ളതാണ് നിറയെ പണമടങ്ങിയ പെട്ടി കണ്ടുകിട്ടുന്നത്. അത്തരമൊരു സ്വപ്നം പ്രാവർത്തികമായതിന്റെ അമ്പരപ്പിലാണ് ജെയിംസ് കേനും ബാർബി ആഗോസ്റ്റിനിയുമുള്ളത്.
കാന്തം ഉപയോഗിച്ച് നിധി വേട്ടയ്ക്ക് ഇറങ്ങിയ ദമ്പതികൾക്ക് കിട്ടിയത് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകൾ. കൊവിഡ് കാലത്ത് വിനോദം എന്ന നിലയിൽ ആരംഭിച്ച നിധിവേട്ടയിലാണ് ദമ്പതികൾക്ക് ഞെട്ടിക്കുന്ന റിസൽട്ടുണ്ടായത്. അമേരിക്കയിലെ ക്വീൻസിൽ മെയ് 31 ഉച്ച കഴിഞ്ഞാണ് ദമ്പതികൾക്ക് വലിയ പെട്ടി ലഭിച്ചത്. കൊറോണ പാർക്കിൽ വലിയ കാന്തമുപയോഗിച്ച് നിധിവേട്ട നടത്തുന്നതിനിടെയാണ് ദമ്പതികൾക്ക് വലിയ ഇരുമ്പ് പെട്ടി ലഭിച്ചത്.
തടാകത്തിൽ നിന്ന് വലിച്ച് കയറ്റിയ പെട്ടിയ്ക്ക് നല്ല ഭാരമുണ്ടായിരുന്നു. എങ്കിലും കറൻസി നോട്ടുകൾ പെട്ടിക്കുള്ളിൽ അടുക്കി സൂക്ഷിച്ചിട്ടുണ്ടാവുമെന്ന് ജെയിംസ് കേനും ബാർബി ആഗോസ്റ്റിനിയും കരുതിയിരുന്നില്ല. പെട്ടി തുറന്ന് നോക്കിയപ്പോഴാണ് നിധി വേട്ടക്കാർ അമ്പരന്നത്. നൂറ് ഡോളറിന്റെ നോട്ട് കെട്ടുകളായിരുന്നു പെട്ടിക്കുള്ളിൽ നിറച്ച് വച്ചിരുന്നത്. 100000 യുഎസ് ഡോളർ (ഏകദേശം ഒരു കോടിയോളം) ആണ് പെട്ടിക്കുള്ളിൽ അടുക്കി വച്ചിരുന്നത്.
കൊവിഡ് കാലത്ത് വലിയ ചെലവുകളിൽ ഇല്ലാത്ത വിനോദ ഉപാധിയെന്ന നിലയിലാണ് നിധി വേട്ട ആരംഭിച്ചതെന്ന് ഇവർ പറയുന്നു. നിധിവേട്ടയ്ക്കുള്ള ഉപകരണങ്ങൾക്കായി വലിയ ചെലവ് വേണ്ടി വരുമെന്നതിനാൽ എളുപ്പത്തിൽ വലിയ ഒരു കാന്തത്തിൽ കയറ് കെട്ടി നദികളും തടാകങ്ങളും പരിശോധിക്കുന്നത് ഇവർ പതിവാക്കിയത്. പല രീതിയിലുള്ള ലോഹവസ്തുക്കളും ഇതിനോടകം ഇവർ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത്രയധികം പണം കണ്ടെത്തുന്നത് ആദ്യമെന്നാണ് ദമ്പതികൾ പറയുന്നത്.
പണം കണ്ടെത്തിയതിന് പിന്നാലെ ദമ്പതികൾ പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ ഇത്രയും പണം നഷ്ടമായെന്ന് വ്യക്തമാക്കുന്ന പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് മറുപടി നൽകിയത്. ഇതിനർത്ഥം ഈ പണം അത് കണ്ടെത്തിയവർക്ക് സൂക്ഷിക്കാം എന്നതാണ്. സേഫിനുള്ളിൽ വെള്ളം കയറി ചില്ലറ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് അപ്രതീക്ഷിത സമ്മാനം കൈവന്നതിന്റെ ആഹ്ളാദത്തിലാണ് ദമ്പതികൾ.