കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി മുൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അല്‍ സബാഹ്. ശനിയാഴ്ചയാണ് കിരീടാവകാശിയെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അല്‍ സബാഹ് ഉത്തരവിൽ ഒപ്പുവെച്ചത്. ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചു വന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതലയേറ്റിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്.
2006–2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായും 2019–2022 വരെ പ്രധാനമന്ത്രിയുമായിരുന്നു. കൊവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേർത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ശൈഖ് സബാഹ് കൂടുതൽ അറിയപ്പെടുന്നത്.