തിരുവല്ല: തിരുവല്ല ബൈപാസ് റോഡിൽ ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ ടിപ്പർ ലോറി കയറി മരിച്ചു. കോന്നി മങ്ങാരം പൊന്തനാംകുഴിയിൽ പാസ്റ്റർ ടി മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ഇടത്തേക്ക് വീണതിനാൽ രക്ഷപ്പെട്ടു.
ഇരുവരും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിനും ബി വൺ ബി വൺ റോഡിലെ സിഗ്നലിനും ഇടയിലായി തിരുവല്ല വൈഎംസിഎ ജങ്ഷന് മുകളിലുള്ള മേൽപ്പാലത്തിൽ രാവിലെ 11 നാണ് സംഭവം.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിലൂടെ എത്തിയ ടിപ്പർ തട്ടിയതിനെ തുടർന്ന് മേഴ്സി ടിപ്പറിന്റെ പിൻചക്രങ്ങൾക്കിടയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് ലോറി നീക്കി മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.