ബെംഗളൂരു: ബംഗളൂരുവിൽ 24 മണിക്കൂറിനിടെയുണ്ടായത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരിയേക്കാൾ അധികം മഴയാണ് ഞായറാഴ്ച മാത്രം നഗരത്തിലുണ്ടായത്. 133 വർഷത്തിന് ശേഷമാണ് നഗരത്തിൽ ഇത്ര വലിയ മഴ പെയ്യുന്നത്. 140.7 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച മാത്രം നഗരത്തിൽ പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മാസത്തിൽ ആകെ ലഭിക്കേണ്ട ശരാശരി മഴയായ 110.3 മില്ലി മീറ്ററിനേക്കാക്കാൾ കൂടുതൽ മഴയാണിത്. ജൂൺ അഞ്ച് വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ആർത്തലച്ചുപെയ്തതോടെ നഗരത്തിലെ മെട്രോ ഉൾപ്പെടെയുള്ള സര്ഡവീസുകൾ സ്തംഭിച്ചു. നിരവധി പ്രദേശങ്ങൾ മഴയോടെ വെള്ളക്കെട്ടിലായി. നൂറുകണക്കിന് മരങ്ങൾ കടപുഴകി വീണതായാണ് റിപ്പോർട്ട്. മണിക്കൂറുകളോളും നഗരത്തിൽ ഗതാഗതവും തടസപ്പെട്ടു.ഈ വർഷം 41 വർഷത്തെ റെക്കോർഡ് തകർത്തായിരുന്നു ബെംഗളൂരുവിലെ ചൂട്. 1983ന് ശേഷം നഗരത്തിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാതെ കടന്നുപോയ വേനലായിരുന്നു ഇത്.