തൃക്കരിപ്പൂർ: ഏതു നിമിഷവും ബോംബ് വീണ് ചിതറിത്തെറിക്കുന്ന ജീവിത യാഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീനിലെ റഫയിലെ ദുരവസ്ഥ അനുസ്മരിച്ച് സ്‌കൂൾ മുറ്റം നിറയെ കൂടാരങ്ങൾ തീർത്ത് കുരുന്നുകൾ.
തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂളിലാണ് പുതിയ അധ്യയന വർഷാരംഭം പീഡിതരോടുള്ള ഐക്യപ്പെടലായി പരിണമിച്ചത്. ആദ്യ അസംബ്ലിയിൽ ചുവപ്പും പച്ചയും കറുപ്പും നിറങ്ങളിലുള്ള ഷാളുകൾ കൊണ്ടുവന്ന് കസേരക്കുമേൽ വിരിച്ചുവെച്ചാണ് ടെന്റുകളുടെ മാതൃക തയാറാക്കിയത്.
സ്‌കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അസംബ്ലിയും പ്രാർഥനയും നടത്തി. മിൻഹ മറിയം ഐകദാർഡ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ എ.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുസ്തഫ ഇർഫാനി പി.ടി.എ പ്രസിഡന്റ് ടി.സി.മുസമ്മിൽ, എം.വി.പുഷ്പ, അബ്ദുൽ ഖാദർ അമാനി എന്നിവർ സംസാരിച്ചു.