ഇൻഡോർ: കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്. സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമാണ് നോമിഷേൻ പിൻവലിച്ചത്.
ഇൻഡോർ മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർഥി പത്ത് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നോട്ടക്ക് 2,18,674 വോട്ടുകൾ ലഭിച്ചു. മണ്ഡലത്തിലെ ബഹുജൻ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് സോളങ്കിക്ക് 51,659 വോട്ടുകളാണ് ലഭിച്ചത്. ഇതാദ്യമായാണ് നോട്ടക്ക് ഇത്രയുമധികം വോട്ടുകൾ ലഭിക്കുന്നത്.
അതേസമയം, മധ്യപ്രദേശിലെ 29 സീറ്റുകളിലും എൻ.ഡി.എയാണ് മുന്നേറുന്നത്. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് ചിന്ദ്വാര മണ്ഡലത്തിൽ പിന്നിലാണ്. മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി വിവേക് സാഹുവാണ് മുന്നിൽ. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വിദിഷയിൽ മുന്നിലാണ്. കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ ഗുണയിൽ ലീഡ് ചെയ്യുകയാണ്.