ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി. ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ മാർജിനിൽ തോൽക്കുകയായിരുന്നു. ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോടാണ് സുരേഷ് കനത്ത തോൽവി വഴങ്ങിയത്.
മൂന്ന് തവണ എം.പിയായ ഡി.കെ സുരേഷിന് 2.69 ലക്ഷം വോട്ടിന്റെ തോൽവിയാണ് ഉണ്ടായത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ മഞ്ജുനാഥ് നേടിയപ്പോൾ എട്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ഡി.കെ സുരേഷിന് കിട്ടിയത്.പ്രമുഖ കാർഡിയോളജിസ്റ്റായ മഞ്ജുനാഥ് സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയുടെ മുൻ ഡയറക്ടറാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനുമാണ് മഞ്ജുനാഥ്.
അതേസമയം, കർണാടകയിൽ കഴിഞ്ഞ വർഷം എൻ.ഡി.എക്കൊപ്പമെത്തിയ ജെ.ഡി.എസിന്റെ സാന്നിധ്യമുൾപ്പടെ മുന്നണിക്ക് കരുത്തായി മാറി.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 25 സീറ്റുകളിലും ജെ.ഡി.എസ് മൂന്ന് സീറ്റിലുമാണ് മത്സരിച്ചത്. ഇതിൽ ബി.ജെ.പി 17 സീറ്റിലും ജെ.ഡി.എസ് മൂന്ന് സീറ്റിലും വിജയിക്കുകയും ചെയ്തു. ഒമ്പത് സീറ്റുകളിൽ ജയം കോൺഗ്രസിനൊപ്പമായിരുന്നു.