ലക്നൗ∙ ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ തളർന്ന ബിജെപക്ക് ഇരട്ടി പ്രഹരമായി അയോധ്യയിലെ തിരിച്ചടിയും. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കു പിന്നിലാണ്. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണ് സമാജ് വാദി പാർട്ടി കളത്തിലിറക്കിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽതന്നെ ലീഡ് നിലനിർത്തിയ അവാദേഷ്, നിലവിൽ 54,000ലധികം വോട്ടിനു മുന്നിലാണ്. ഒരിക്കൽപ്പോലും ലല്ലു സിങ് മുന്നിലെത്തിയില്ലെന്നതും ശ്രദ്ധേയം.
2018ൽ അയോധ്യയെന്ന് പേരു മാറ്റുകയും 2024 ജനുവരിയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തതിനുശേഷം ഉത്തർപ്രദേശിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. അതിനെ തകിടം മറിച്ചുകൊണ്ടാണ് സംസ്ഥാനത്താകെയും ഫൈസാബാദിൽ പ്രത്യേകിച്ചും ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. ഫൈസാബാദിൽ ഘട്ടംഘട്ടമായുള്ള മുന്നേറ്റമാണ് സമാജ്‌വാദി പാർട്ടിയുടേത്. 2014, 2019 വർഷങ്ങളിൽ 48 % ആയിരുന്ന ബിജെപിയുടെ വോട്ടുവിഹിതത്തിൽ 4 ശതമാനത്തോളം കുറവ് മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. പ്രധാനമായും ബിഎസ്പി പാളയത്തിൽനിന്ന് ചോർന്ന വോട്ടും കോൺഗ്രസുമായി കൈകോർത്തതു വഴി ലഭിച്ച വോട്ടുമാണ് സമാജ്‌വാദി പാർട്ടിയുടെ വോട്ടുവിഹിതത്തിലെ വർധനയ്ക്ക് കാരണം.
അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് മിൽക്കിപുരിലെ സിറ്റിങ് എംഎൽഎ അവാദേഷ് പ്രസാദിന് ഫൈസാബാദിലേക്ക് നറുക്കു വീഴുന്നത്. 23.3 % പട്ടികജാതിക്കാരുള്ള മണ്ഡലത്തിൽ പാസി വിഭാഗത്തിൽനിന്നുള്ള അവാദേഷിനെ സ്ഥാനാർഥിയാക്കി ബിഎസ്പിയിൽനിന്ന് ചോർന്ന പിന്നാക്ക വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. അയോധ്യയുടെ നഗരപ്രദേശങ്ങളിൽ രാമക്ഷേത്രവും അതുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വോട്ടായെങ്കിലും ഗ്രാമീണമേഖലകളിലെ വോട്ടർമാരിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബിജെപി സർക്കാർ അയോധ്യ നഗരത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നെന്നും ഇവർക്കിടയിൽ പരാതി ശക്തമാണ്. വർധിച്ച വിലക്കയറ്റവും ബിജെപി വിരുദ്ധ വികാരത്തിന് കാരണമായി.