ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത. ചുതലകളിൽ നിന്നും മാറ്റിയാൽ തനിക്ക് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
2014 മുതൽ 2019 വരെ ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ നിന്നും തന്നെ മാറ്റിനിർത്തിയാൽ പാർട്ടിക്കായി കൂടുതൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിന് തിരിച്ചടിയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നും ഒമ്പത് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. എൻ.സി.പി അജിത് പവാർ വിഭാഗം ഒരു സീജിറ്റിൽ ജയിച്ചപ്പോൾ ശിവസേന ഷിൻഡെ വിഭാഗം ഏഴ് സീറ്റുകളും നേടി. അതേസമയം, മഹാരാഷ്ട്രയിൽ 13 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. ശിവശേസ ഉദ്ധവ് വിഭാഗം ഒമ്പത് സീറ്റിൽ ജയിച്ചപ്പോൾ എൻ.സി.പി ശരത് പവാർ വിഭാഗം എട്ട് സീറ്റിലും ജയിച്ചു.