തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി സമാരംഭിച്ചത്. എസ്.യു.ടി ഈ പദ്ധതി ഏറ്റെടുത്ത് പരിപാടിക്ക് ‘സുഗതനക്ഷത്ര ഉദ്യാനം’ എന്ന് നാമകരണം ചെയ്തു
മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി.കെ.എ. നായര്‍ സുഗതകുമാരിയുടെ ജന്മനക്ഷത്ര വൃക്ഷമായ ‘കാഞ്ഞിരത്തൈ’ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുഗതകുമാരി മകൾ ഡോ.ലക്ഷ്മി, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ജി. ശങ്കര്‍, കുമ്മനം രാജശേഖരന്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍, ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ഡോ. ഉണ്ണികൃഷ്ണൻ, ചീഫ് ലയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുഗതകുമാരി നവതി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ‘സുഗത വനങ്ങള്‍’ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ സമാരംഭമാണ് ഇന്നത്തെ പരിപാടിയിലൂടെ എസ്.യു.ടിയില്‍ നടന്നത്.