ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന് ജനം നൽകിയ വലിയ പിന്തുണക്ക് നന്ദി പറയുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിക്കും അവരുടെ വിദ്വേഷ രഷ്ട്രീയത്തിനും അഴിമതിക്കും തക്കതായ മറുപടിയാണ് ഈ ജനവിധിയെന്നും ഖാർഗെ പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ജനവിധിയാണിത്. തെരഞ്ഞെടുപ്പ് ഫലം വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ചങ്ങാത്ത മുതലാളിത്തത്തിനും എതിരാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം ഇൻഡ്യ സഖ്യം തുടരും. ബി.ജെ.പി സർക്കാർ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് തങ്ങൾ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടേച്ചേർത്തു.
ഡൽഹിയിൽ ഖാർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശരദ് പവാർ, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായി നിതീഷ് കുമാർ, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവരെ ഇൻഡ്യ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ സഖ്യം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പ്രതിപക്ഷത്തിരുന്ന് ശക്തമായി പോരാടാൻ നേതാക്കൾ തീരുമാനിച്ചത്.
അതേസമയം, എൻ.ഡി.എ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്തു. സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേതാക്കൾ കാണും. ശനിയാഴ്ച മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. സർക്കാറിനുള്ള പിന്തുണക്കത്ത് കൈമാറുമെന്ന് നിതീഷും ചന്ദ്രബാബു നായിഡുവും അറിയിച്ചു. ശിവസേന ഷിൻഡെ വിഭാഗം പിന്തുണക്കത്ത് കൈമാറി.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി ഇത്തവണ 240 സീറ്റുകളിലേക്ക് ചുരുങ്ങിയതോടെയാണ് സർക്കാർ രൂപവത്കരിക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ നിർണായകമായത്. സഖ്യ കക്ഷികളുടെ വിലപേശൽ വരുംദിവസങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാകും.