തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എം ന് പശ്ചിമ ബംഗാൾ ആവർത്തിക്കുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ജയിച്ച എൽ.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 ഇടങ്ങളിൽ മാത്രം മുന്നിലെത്തിയത് ബംഗാളിലെ പോലെ കേരളത്തിലും സി.പി.എം.ന്‍റെ വേരറ്റുവെന്നതിന്‍റെ സൂചനയാണ്. സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായ 18 മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ല.
ബംഗാളിൽ 34 വർഷത്തെ തുടർ ഭരണത്തിൽ സംഭവിച്ചതു പോലെ കേരളത്തിൽ 10 വർഷത്തെ തുടർ ഭരണത്തോടെ സി.പി.എമ്മിന്‍റെ ശവക്കുഴി തോണ്ടും. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തിൽ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകും.
രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് സി.പി.എം ന്റെ നാലു സീറ്റിൽ മൂന്നിടത്തും ജയിച്ചത്. രാഹുൽ ഗാന്ധിയെ പരസ്യമായി നിന്ദിച്ച സി.പി.എം ന് കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകി.