തൃശൂര്‍: സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകിട്ട് 6.55ന് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഇക്കാര്യത്തില്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.
അതേസമയം, തൃശൂരിന്‍റെ മാത്രമല്ല, താൻ തമിഴ്നാടിന്‍റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കര്‍ണാടകക്ക് തന്നേക്കാള്‍ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും ബിജെപി എംപി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. തൃശൂർ പൂര വിവാദത്തിൽ കമ്മിഷണറേയും കലക്ടറേയും മാറ്റരുതെന്നും അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ വേണ്ടിയുള്ള ശ്രമം തുടരും. കഴിഞ്ഞ കുറെ വര്‍ഷമായി ലോക് നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അന്ന് മെട്രോ അംബാസിഡറാക്കാൻ നോക്കിയപ്പോള്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ പാര്‍ലമെന്‍റില്‍ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്നമില്ലാത്ത വിധം നല്ലരീതിയില്‍ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക. എന്നെ ഒരു മുറിയില്‍ കൊണ്ട് ഒതുക്കരുത്. എംപി എന്ന നിലയില്‍ പല വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകും.തൃശൂര്‍കാര്‍ തെരഞ്ഞെടുക്കുന്ന എംപിയായാല്‍ തമിഴ്നാടിന്‍റെ കാര്യം കൂടി നോക്കും. പത്ത് വകുപ്പുകള്‍ എങ്കിലും നിയന്ത്രിക്കുന്ന സഹമന്ത്രിമാരുള്ള ഒരു ടീമിനെയാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.