ദില്ലി: എൻഡിഎയിൽ സ്ഥാനമാനങ്ങൾക്കായി ഘടക കക്ഷികളുടെ ആവശ്യം ഉയരുന്നു. കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻറാം മാഞ്ചിയും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദൾ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.
അതേസമയം, ആന്ധ്രയ്ക്ക് ആകെ 6 മന്ത്രിമാർ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ടിഡിപി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ടിഡിപിക്ക് നൽകാമെന്നാണ് ബിജെപി നിലപാട്. നേരത്തെ സ്പീക്കർ സ്ഥാനത്തിലും ടിഡിപി കണ്ണുവെച്ചിരുന്നു. ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദമുയർന്നു.
എന്നാൽ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ജയന്തിന് ഇരിപ്പിടം നൽകിയില്ലെന്നായിരുന്നു ആരോപണം. ജയന്തിനെ വേദിയിൽ ഇരുത്താത്തത് സ്ഥല പരിമിതി കാരണമെന്ന് ബിജെപി വിശദീകരിച്ചു.
അതേസമയം, നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമായി. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന.